4
Friday
December 2020

ജോലിത്തട്ടിപ്പില്‍പെട്ട് മലേഷ്യയില്‍ കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലെത്തി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : ജോലിത്തട്ടിപ്പില്‍പെട്ട് മലേഷ്യയില്‍ കുടുങ്ങിയ തൊഴിലാളികള്‍ നോര്‍ക്ക റൂട്ട്‌സ് ഇടപെടലില്‍ നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ലത്തേയും തീരമേഖലയില്‍ നിന്നുള്ള 19 പേരാണ് കോലാലംപൂരില്‍നിന്ന് രക്ഷനേടി ഇപ്പോള്‍ കേരളത്തിലെത്തിയത്. ഇവരില്‍ 11 പേര്‍ നന്ദി അറിയിക്കാന്‍ ബുധനാഴ്ച നോര്‍ക്ക റൂട്ട്‌സ് ഓഫീസിലെത്തി. സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും മലേഷ്യയിലെ മലയാളി സംഘടനയുടേയും എംബസിയുടേയും സഹായത്തോടെയാണ് ഇവര്‍ക്ക് രക്ഷപ്പെടാനായത്.

എജന്‍സി ചതിച്ച് വിസിറ്റ് വിസയില്‍ മലേഷ്യയില്‍ എത്തിയവരാണ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികളും ഓട്ടോത്തൊഴിലാളികളുമാണ് പോയവരില്‍ മിക്കവരും. മികച്ച കൂലിയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ 75,000 മുതല്‍ 85,000 രൂപ നല്‍കി മലേഷ്യയിലേക്ക് പോയത്. എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിസിറ്റ് വിസയാണ് ലഭിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞതെന്ന് സംഘത്തിലുണ്ടായിരുന്ന ജസ്റ്റിന്‍ പറഞ്ഞു. കൊണ്ടുപോയ എജന്‍സിക്കാര്‍ കോലാലംപൂരിനും 420 കിലോമീറ്റര്‍ അകലെയുള്ള ജോഹര്‍ എന്ന വിദൂരസ്ഥലത്തെ ഒരു ക്യാമ്പിലാണ് ഇവരെ എത്തിച്ചത്. തങ്ങളെ കമ്മീഷന്‍ വാങ്ങി അടിമജോലിക്ക് സമാനമായ വിവിധ ജോലികള്‍ക്കായി വിവിധ സ്ഥാപനങ്ങള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. തൊഴില്‍ വിസ നേടിത്തരാം എന്നു വാഗ്ദാനം ചെയ്ത് തങ്ങളുടെ പാസ്‌പോര്‍ട്ടും അവര്‍ പിടിച്ചെടുത്തിരുന്നു. ഇതുമൂലം പുറത്തിറങ്ങിയാല്‍ അറസ്റ്റിലാവുന്ന അവസ്ഥയിലായിരുന്നു ഈ തൊഴിലാളികള്‍.

തൊഴിലാളികള്‍ കുടുംബത്തെ വിവരമറിയിക്കുകയും അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും നോര്‍ക്ക റൂട്ട്‌സിലും ബന്ധപ്പെടുകയും ചെയ്താണ് കോലാലംപൂരിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിയത്. നോര്‍ക്ക വഴി കോലാലംപൂരിലെ മലയാളി സംഘടനയായ ‘മലയാളി കുടുംബ’ത്തിന്റെ സഹായം തേടുകയും അവര്‍ ഏര്‍പ്പെടുത്തിയ സഹായിയും ഡ്രൈവറും മുഖേന രക്ഷപ്പെടുത്തി എംബസിയുടെ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു. ഒന്നരമാസത്തിലധികം നിരന്തരമായ ശ്രമഫലമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ എംബസി സഹായത്തോടെ സാധ്യമായതെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജനും സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും പറഞ്ഞു. എംബസിയില്‍ ഇവര്‍ നിയമപരമായി കീഴടങ്ങി ഫൈന്‍ അടക്കേണ്ടതുണ്ടായിരുന്നു. ഈ നടപടിക്ക് ശേഷം രണ്ടുഘട്ടമായി ആദ്യം ഒന്‍പതുപേര്‍ക്കും പിന്നീട് 10 പേര്‍ക്കും എക്‌സിറ്റ് പാസ് അനുവദിച്ചാണ് ഇവരെ നാട്ടിലെത്തിക്കാന്‍ വഴി തെളിഞ്ഞത്. ഇവര്‍ക്ക് മടക്കടിക്കറ്റിനുള്ള വിമാനക്കൂലിയും നോര്‍ക്ക റൂട്ട്‌സാണ് വഹിച്ചത്.

ജസ്റ്റിന്‍, ജിത്തു ചന്ദ്രന്‍, സ്റ്റിബിന്‍, റൈസണ്‍, പാര്‍ത്താസ്, വിജയ്, അനീഷ്, ഷാജി, സാജു ആന്റണി, സിനില്‍, കെന്നഡി, അഖില്‍, കുമാര്‍, ജോണ്‍സണ്‍ എ, സിജോ സിബു, ഇസ്സേ, ജോഷി, വര്‍ഗീസ്, സോമജ് എന്നിവരാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇവര്‍ 24നാണ് കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് പോയത്. ജനുവരി ഏഴിനാണ് രക്ഷപ്പെട്ട് തിരിച്ചെത്തിയത്. വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനാകൂ. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം മാത്രമാണ് നോര്‍ക്ക റൂട്ട്‌സ് പ്രോത്‌സാഹിപ്പിക്കുന്നത്. വിദേശ തൊഴിലിന് ശ്രമിക്കുമ്പോള്‍ കൊണ്ടുപോകുന്ന ഏജന്‍സി അംഗീകൃതവും നിയമപരമായി തൊഴിലിനായി ആളുകളെ കൊണ്ടുപോകാന്‍ അനുമതിയുള്ളവരുമാണെന്ന് സര്‍ക്കാര്‍ ഏജന്‍സികളോ നോര്‍ക്കയോ വഴി ഉറപ്പുവരുത്തണമെന്നും കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com