തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും (കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ) പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്പൂർണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, റംസാൻ കാലമായതിനാൽ ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.
കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ നിരത്തുകൾ അടച്ചിടില്ല. കണ്ടെയ്ൻമെന്റ് സോണിൽ കർക്കശമായ നിയന്ത്രണം പാലിക്കുമ്പോൾ ഗ്രീൻ-ഓറഞ്ച്-റെഡ് സോണുകളിൽ നിബന്ധനകൾക്കു വിധേയമായി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താൻ സൗജന്യമായി ഓരോ മൊബൈൽ നമ്പർ നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. കൈവശമുള്ള മൊബൈൽ നമ്പർ ഡിസ്കണക്ടായിട്ടുണ്ടെങ്കിൽ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതേ നമ്പറിൽ പുതിയ സിം കാർഡ് നൽകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.