പമ്പ: ശബരിമലയില്‍ ഇന്ന് രാവിലെയുണ്ടായ സംഘര്‍ഷത്തിന് അയവ് വന്ന പിന്നാലെ മല കയറാനൊരുങ്ങി മറ്റ് രണ്ട് യുവതികള്‍ കൂടിയെത്തി. ഇവരെ ഇലവുങ്കലില്‍ പോലീസ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ഇവരെ കയറ്റി വിടണമോയെന്ന കാര്യത്തില്‍ പോലീസ് നടപടി കൈക്കൊള്ളൂ. അതേസമയം ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തക കവിതയും മലയാളിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയും മലകയറാന്‍ എത്തിയത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പോലീസിന്റെ ഹെൽമറ്റും യൂണിഫോമും ധരിപ്പിച്ചാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടപ്പന്തൽ വരെ എത്തിച്ചത്. എങ്കിലും അവിടെ തടിച്ചുകൂടിയ നൂറുകണക്കിന്വിശ്വാസികൾ നടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിച്ചു. പിന്നാലെ ശബരിമലയിലെ പരികര്‍മ്മികളും ദേവസ്വം ബോര്‍ഡ് ജീവനക്കാരും പൂജകളടക്കം ബഹിഷ്കരിച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ചു. വിശ്വാസികള്‍ അല്ലാത്ത സ്ത്രീകളെ മലകയറാന്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവതികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു. ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രിയും വ്യക്തമാക്കി.
പിന്നാലെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എന്ന സ്ത്രീയും മലകയറാന്‍ എത്തിയത്. അവരെയും സാഹചര്യം ബോധ്യപ്പെടുത്തി പോലീസ് സംരക്ഷണത്തില്‍ തിരിച്ചിറക്കുകയായിരുന്നു.