തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ജുവലറി ഉടമയായ ബിനുവിന്റെ വീട്ടിലെത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുന്നതിനിടെ ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത സനലിന്റെ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. ഇതിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ കൊടങ്ങാവിളയില്‍ ഇന്നലെ രാത്രി വൈകിയും റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര താലൂക്കിൽ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.