23
Friday
August 2019

തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിന്. പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്നു മര്‍ദനമേറ്റതിന്റെ പേരില്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ സമരമാണ് രാജ്യമെമ്പാടും ശക്തിപ്പെടുന്നത്. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച സൂചനാ പണിമുടക്കു നടത്തി. ആശുപത്രികള്‍ക്കു സുരക്ഷനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് ഐ.എം.എ. പറഞ്ഞു. ആരോഗ്യമേഖല തടസ്സപ്പെടാതിരിക്കാന്‍ പ്രതീകാത്മക പ്രതിഷേധം മാത്രമേ നടത്താവൂവെന്ന് ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. അതേ സമയം, ഡോക്ടര്‍മാരുടെ സമരം കൈകാര്യം ചെയ്ത രീതിയില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ മന്ത്രി കുറ്റപ്പെടുത്തി. വിഷയം അഭിമാനപ്രശ്‌നമായി കാണരുതെന്ന് അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച രാത്രി കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കളില്‍നിന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനമേറ്റത്. ആക്രമണത്തില്‍ തലയോട്ടി പൊട്ടിയ പരിബാഹ മുഖര്‍ജി ചികിത്സയിലാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഐഎംഎ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com