പത്തനംതിട്ട: മുൻപ് വിവാഹം കഴിച്ച വിവരം മറച്ചുവച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട നരിയാപുരം സ്വദേശി രാജേഷ് ഭവനിൽ രാജേഷിനെതിരെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയത്.
ഹോം നേഴ്സ് ആയി ജോലി ചെയ്തിരുന്ന താൻ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമാണ് എന്നു പറഞ്ഞിട്ടും രാജേഷ് തൻ്റെ അദ്യ വിവാഹം ആണെന്ന് കള്ളം പറഞ്ഞ് വിവാഹം കഴിക്കുകയായിരുന്നു. രാജേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം ശേഷം രാജേഷിന്റെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഓരോ ദിവസവും അനേകം ഫോൺ കോൾ വരുന്നത് ശ്രദ്ധയിൽ പെട്ടു. ഇതേ പറ്റി ചോദിച്ചാല്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ മറ്റ് പലരെയും പറ്റിച്ചതായി അറിഞ്ഞതെന്നും പത്തനംതിട്ട പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
ഇയാളുടെ മദ്യപാനവും, പീഢനവും സഹിക്കാൻ കഴിയാതെയാണ് ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചത്. അതിൽ ഒരു കുട്ടിയും ഉണ്ട്.
വിവാഹ ശേഷം ഭാര്യയുടെ ആഭരണങ്ങളും പണവും ഉപയോഗിച്ച് മദ്യപിക്കുകയും ആഡംബര ജീവിതം നയിക്കുകയുമാണ് ഇയാളുടെ രീതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.