ദുബായ്: സെക്യൂരിറ്റി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വൻ തട്ടിപ്പ്. 18 മലയാളികൾ ഉൾപ്പെടെ 40 ഓളം യുവാക്കൾ ദുബായിൽ കുടുങ്ങി. രണ്ട് മാസം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചിട്ടില്ല.
നിലമ്പൂർ സ്വദേശി ഷെരീഫാണ് തങ്ങളെ ദുബൈയിലെത്തിച്ചതെന്ന് ഇവർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴി ലഭിച്ച അറിയിപ്പ് അനുസരിച്ചാണ് ഷെരീഫുമായി ബന്ധപ്പെട്ടത്. നാട്ടിൽ വെച്ച് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ചു. ദുബായിൽ വിമാനമിറങ്ങിയ ഉടൻ 2500 ദിർഹം (50000 രൂപ) നൽകി. ഏപ്രിൽ ഒന്നിനാണ് ദുബായിൽ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളിൽ നിയോഗിക്കുന്ന എൻക്യൂഎസ്എസ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ജോലി.
ഏപ്രിൽ മൂന്നിന് ഒപ്പുവെച്ചകരാർ പ്രകാരം 1800 ദിർഹം ശമ്പളവും താമസവും നൽകാമെന്നായിരുന്നു വാഗ്ദാനം. സെക്യൂരിറ്റി ഗാർഡിന് സർക്കാർ നൽകുന്ന സിറ കാർഡ് കിട്ടിയാൽ 2260 ദിർഹം ശമ്പളം നൽകാമെന്നും പറഞ്ഞു. പാം ജുമൈറയിൽ നിർമാണം നടക്കുന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ഗാർഡായി പല ഷിഫ്റ്റിൽ ഇവരെ നിയോഗിച്ചു. എന്നാൽ രണ്ട് മാസമായിട്ടും ശമ്പളം ലഭിച്ചില്ല. കൈയിൽ പണമില്ലാത്തതിനാൽ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ്.
തങ്ങൾ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുന്നതായി വീഡിയോ എടുത്ത് നാട്ടിലേക്ക് അയച്ച് കൂടുതൽ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കൾ ആരോപിച്ചു. 100 പേരെ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. യാത്രാവിലക്ക് വന്നില്ലായിരുന്നെങ്കിൽ കൂടുതൽ പേർ തട്ടിപ്പിനിരയായി യു എ ഇയിൽ എത്തുമായിരുന്നുവെന്നും യുവാക്കൾ പറഞ്ഞു.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.