പത്തനംതിട്ട: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, കെ സ്വിഫ്റ്റ് നടപ്പാക്കാം എന്ന നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാനത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സമരമാരംഭിച്ചു.
പത്തുവർഷം മുമ്പാണ് കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത്. പുതുക്കിയ ശമ്പളം 2020 ജൂൺ 30 ന് അകം പുതുക്കി നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ കെ സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചു പൊതുഗതാഗതം കുത്തക മുതലാളിമാർക്ക് അടിയറവ് വെക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെ അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു.
പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ് എഎസ് രഘുനാഥ് സമരം ഉത്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് പി ബിനീഷ്, ട്രഷറർ ആർ വിനോദ്കുമാർ, യൂണിറ്റ് പ്രസിഡന്റ് കെ കെ അഭിലാഷ്, സെക്രട്ടറി ജി മനോജ് എന്നിവർ പ്രസംഗിച്ചു.