പത്തനംതിട്ട: കോന്നിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കോന്നി കല്ലേലി അക്കരക്കാലാപ്പടി ചന്ദ്രഭവനത്തിൽ വിജേഷിന്റെ ഭാര്യ കാർത്തിക (29) ആണ് മരിച്ചത്.
കോന്നിയിലെ ബിലീവേഴ്സ് ആശുപത്രിയിൽ ആണ് സംഭവം. ചികിത്സാ പിഴവും, ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കാർത്തികയുടെ ആദ്യ പ്രസവമായിരുന്നു. കുഞ്ഞ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർക്കെതിരെ കാർത്തികയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും പ്രസവശേഷം കാർത്തിക ബന്ധുക്കളുമായി സംസാരിച്ചെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവാനന്തരം ഉണ്ടായ ഷോക്കാണ് മരണ കാരണമെന്നും, ജീവൻ രക്ഷിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും ഡോക്ടർ തോമസ് മാത്യു പ്രസ്താവനയിൽ പറഞ്ഞു.
കാർത്തികയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചു നടത്തി.