തിരുവനന്തപുരം: വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പദ്ധതി തയാറാവുന്നു. പൊതുമരാമത്തു വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ ചർച്ച നടത്തി.
രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചു. പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചു. റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍ കെഡബ്ല്യുഎയും പിഡബ്യുഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അടിയന്തര ജോലികള്‍ക്കായി അനുമതി നല്കാന് റോ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കും.
പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതല്‍ മുന്‍ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജല അതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിന് മുന്‍പുള്ള അതേ നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജലഅതോറിറ്റിക്കാണ്. അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും പുനര്‍നിര്‍മിക്കേണ്ടത് ഇനി മുതല്‍ വാട്ടര്‍ അതോറിറ്റി തന്നെയാകും. അറ്റകുറ്റപ്പണികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് എഞ്ചിനിയര്‍മാര്‍ക്കാണ്. ഇരുവകുപ്പുകളിലെയും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലത്തില്‍ സംയുക്ത പരിശോധന നടത്തുകയും ചെയ്യും.
പൈപ്പ് ഇടുന്നതിന് കുഴിക്കുന്ന റോഡുകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. അനുമതി പത്രത്തില്‍ ഇതു കൃത്യമായി രേഖപ്പെടുത്തും. വൈകിയാല്‍ ഡെപ്പോസിറ്റ് തുകയില്‍ ആനുപാതികമായ തുക ഈടാക്കും. വാട്ടര്‍ അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോര്‍ഡ് സ്ഥാപിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ഇരുവകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.