9
Sunday
May 2021

മാലോത്ത് കസബ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു

Google+ Pinterest LinkedIn Tumblr +

കാസർഗോഡ്: ആയിരക്കണക്കിന് കോടിയുടെ വികസനമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി മണ്ഡലത്തിലെ 9 സ്‌കൂളുകള്‍ക്ക് 3 കോടി വീതവും 21 സ്‌കൂളുകള്‍ക്ക് ഒരു കോടി വീതവും അനുവദിച്ചിരുന്നു. കൂടാതെ കിഫ്ബി വഴിയും കാസര്‍കോട് വികസന പാക്കേജ് വഴിയും ജില്ലയിലെ വിദ്യാഭ്യാസമേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികെയെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും അവസാന മൂന്ന് മാസങ്ങളില്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ ആകുവെന്ന സ്ഥിതിയിലാണിപ്പോള്‍. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം അധ്യാപകരും രക്ഷാകര്‍തൃ സമിതികളും ഒന്നിച്ചു ചേര്‍ന്ന് അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി വകയിരുത്തിയാണ് ഹൈസ്‌കൂള്‍ സെക്ഷന്‍ വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.മൂന്ന് നിലകളിലായി 8 ക്ലാസ് മുറികളും ലാബും ലൈബ്രറിയും ഓഫീസ് റൂമും അടങ്ങുന്നതാണ് കെട്ടിടം.
ഒരു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്യുകയും മൂന്ന് മാസം മുമ്പ് തറയില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്ത ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി സന്ദര്‍ശിച്ചു. രണ്ടു നിലകളിലായി 10 ക്ലാസ് മുറികളുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ക്ലാസ് മുറികളിലാണ് വിള്ളലുകള്‍ ഉണ്ടായത്. ഇത് പരിഹരിക്കാനായി എല്ലാ ക്ലാസും ടൈല്‍ ഇടുന്നതിനും മേല്‍ക്കൂരയില്‍ റൂഫിങ് ചെയ്യുന്നതിനും കരാറുകാരനുമായി ധാരണയായി.
ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് മൈക്കിള്‍, മുന്‍ എംഎല്‍എ എം കുമാരന്‍, വിവിധ കക്ഷി നേതാക്കളായ എം പി ജോസഫ,് ടി പി തമ്പാന്‍, സാജന്‍ പുഞ്ച, മാലോത്ത് കസബ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സില്‍ബി മാത്യു, എസ് എം സി ചെയര്‍മാന്‍ പി എ മധു, എം പി ടി എ പ്രസിഡന്റ് വിന്‍സി തോമസ്, പിടിഎ വൈസ് പ്രസിഡണ്ട് രാധാ രവി, സ്റ്റാഫ് സെക്രട്ടറിമാരായ പി പി ജയന്‍, എമ്മില്‍ ജെയിംസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജി കെ ജോര്‍ജ് സ്വാഗതവും പിടിഎ പ്രസിഡണ്ട് സനോജ് മാത്യു നന്ദിയും പറഞ്ഞു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com